Sports

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി

By webdesk18

December 11, 2025

ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഝാര്‍ഖണ്ഡിനോട് കേരളം അരനാഴിക മാത്രം വിട്ട് തോല്‍വിയേറ്റു. 187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 127 റണ്‍സിന്റെ ലീഡുമായി മികച്ച തുടക്കം നേടിയിട്ടും അവസാനം വിജയം കൈവിട്ടു.

ഒന്നാം വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസത്തെ കളി ആരംഭിച്ചകേരളത്തിന് 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജോബിന്‍ ജോബി (19), ദേവഗിരി (10), തോമസ് മാത്യു (5) എന്നിവരാണ് വീണത്. തുടര്‍ന്ന് അമയ് മനോജ് (17)ഹൃഷികേശ് (23) കൂട്ടുകെട്ട് 34 റണ്‍സ് നല്‍കിയെങ്കിലും ശേഷം മൂന്ന് വിക്കറ്റുകള്‍ വീണ്ടും വീണത് കേരളത്തെ പ്രതിസന്ധിയിലാക്കി.

ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (71)യും സഹോദരന്‍ മാധവ് കൃഷ്ണ (19)യും ചേര്‍ന്ന് 30 റണ്‍സ് നേടിയെങ്കിലും മാധവ് പുറത്തായതോടെ 8 വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് മാനവ് കൃഷ്ണകെ.വി. അഭിനവ് (11) കൂട്ടുകെട്ട് 67 റണ്‍സ് നേടിയതോടെ മത്സരം വീണ്ടും ജീവന്‍ പ്രാപിച്ചു. പക്ഷേ അന്‍മോല്‍ രാജ് തന്റെ തുടര്‍ രണ്ട് ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഝാര്‍ഖണ്ഡിന് ആറു റണ്‍സിന്റെ വിജയം ഉറപ്പിച്ചു.

ഝാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ ഓം 5 വിക്കറ്റും അന്‍മോല്‍ രാജ്, ദീപാന്‍ശു റാവത്ത് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കേരളത്തിന് നിരാശയും ഝാര്‍ഖണ്ഡിന് ത്രില്ലിംഗ് വിജയം കൂടിയാണ് ലഭിച്ചത്.