കോഴ കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. തുടര്‍നടപടി സ്വീകരിക്കുന്നത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കൊച്ചി സോണല്‍ ഓഫീസിനോട് ഇഡി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. രണ്ടാം പ്രതി വില്‍സണിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കേസില്‍ പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഇഡിയുടെ ഫെമ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത്തായിരുന്നു.