മകോണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കുന്ന വാക്കുകളുമായി റിപ്ലബിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ജോർജിയയിലെ മാകോണിൽ നടന്ന റാലിക്കിടെയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് കരകയറാന്‍ തനിക്ക് സാധിക്കില്ലെന്ന് സൂചിപ്പിക്കുന്ന ട്രംപിന്‍റെ പ്രസ്താവന. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബിഡെനെ പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണെന്നും ട്രംപ് വിമര്‍ശിച്ചു.

‘പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിക്കെതിരെയാണ് താന്‍ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല’ -ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ഉയർത്തുന്നത്. ട്രംപ് ഭരണകൂടം ദയനീയമായി പരാജയപ്പെട്ട കോവിഡ് വ്യാപനം, സാമ്പത്തിക മുരടിപ്പ്, വര്‍ണവിവേചനം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്.

മാകോണിലെ റാലിയിൽ കോവിഡിനെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. അപൂർവമായാണ് ട്രംപ് ഇവയെ കുറിച്ച് തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കാറ്. എന്നാൽ, കോവിഡും സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികളും എതിരാളികൾ ആയുധമാക്കുന്നതിനെ കുറിച്ചും മാധ്യമങ്ങൾ, ടെക്നോളജി കമ്പനികൾ തുടങ്ങിയവ തനിക്കെതിരായതിനെ കുറിച്ചുമുള്ള പരാതികളാണ് ട്രംപ് പ്രധാനമായും പറഞ്ഞത്.

കൂടാതെ ബിഡെനെതിരെ വ്യക്തിഹത്യ നടത്താനും കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താനുമാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും ട്രംപ് ശ്രമിക്കുന്നത്. ”ബിഡന്‍ കുടുംബം ഒരു ക്രിമിനല്‍ കൂട്ടമാണെന്നായിരുന്നു ഫ്‌ലോറിഡയിലെ ഒകലയില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോപണം. ഡെമോക്രാറ്റുകള്‍ക്ക് അമേരിക്കന്‍ ജനതയുടെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും അമേരിക്കയെ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാക്കി മാറ്റാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം, തോറ്റാല്‍ അമേരിക്ക വിടേണ്ടി വരുമെന്ന് ട്രംപിന്റെ പ്രസ്താവനയെ തന്ന പരിഹസിച്ചു ബിഡെന്‍ രംഗത്തെത്തി. അമേരിക്ക വിടുമെന്ന ട്രംപിന്റെ വിവിധ പ്രസ്താവന ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഉറപ്പിച്ചോ? എന്നായിരുന്നു ബിഡെന്റെ ചോദ്യം.