ലഖ്‌നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായക പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.
ഗാന്ധിനഗർ പികൗര ബക്ഷ് സ്വദേശിനിയായ സമൃദ്ധി സിങ് ആണ് അഭിഭാഷകൻ മുഖേന റെയിൽവേയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. 2018 മെയ് 7ന് ലഖ്‌നൗവിലെ ജയ് നാരായൺ പി.ജി. കോളേജിൽ നടന്ന നീറ്റ് പരീക്ഷ എഴുതുന്നതിനായി സമൃദ്ധി ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 190 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30 ആയിരുന്നു പരീക്ഷയുടെ റിപ്പോർട്ടിങ് സമയം.
എന്നാൽ ട്രെയിൻ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത് നിശ്ചിത സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകിയതോടെയാണ് വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഇതോടെ ആ വർഷത്തെ കരിയർ തന്നെ തകർന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിനും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് സമൃദ്ധി അതേ വർഷം സെപ്തംബറിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 20 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ട്രെയിൻ വൈകിയതായി റെയിൽവേ വാദത്തിനിടെ സമ്മതിച്ചെങ്കിലും, വൈകിയതിന് തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചില്ല. തുടർന്നാണ് 45 ദിവസത്തിനുള്ളിൽ 9.10 ലക്ഷം രൂപ സമൃദ്ധിക്ക് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. നിശ്ചിത സമയത്തിനകം തുക നൽകാത്തപക്ഷം 12 ശതമാനം പലിശയും നൽകേണ്ടിവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.