News

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുത്; ഇന്ത്യക്ക് ഒപ്പമെന്ന് കാനഡ

By nazmiya nazreen

April 24, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കാനഡ. മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്നും ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുതെന്നും കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തക്കതായ ശിക്ഷ നല്‍കണമെന്നും കാനഡ സെനേറ്റര്‍ ലിയോ ഹൗസക്കോസും എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.