kerala

‘വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പര്‍ശിച്ചു, എപ്പോഴും കൂടെയുണ്ടാകും’; പ്രിയങ്ക ഗാന്ധി

By webdesk14

October 23, 2024

വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. വയനാടിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി.

വയനാടിന്‍റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട്ടിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നൽകിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്.

വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തിൽ സ്പര്‍ശിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കളും കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.