india

കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരന് 25,000 രൂപ പിഴ

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 06, 2020

ലക്നൗ: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പൊതുജന ശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് കോടതി വിമര്‍ശിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരിമിതമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു.

ഹര്‍ജി യോഗ്യതയില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണയിലുള്ളതാണെന്നും കോടതി വിലയിരുത്തി. 1955 ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജന്‍മംകൊണ്ട് ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും ജസ്റ്റിസ് എസ്.കെ ഗുപ്ത, ഷമീം അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2016ല്‍ കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമ്മേനത്തില്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടി വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഈ സംഭവത്തില്‍ കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.