കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി എന്നും കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞു എന്നും ദിലീപ് ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.
അതിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമായി. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.