Connect with us

Health

വിട്ടുപോകാതെ കൊവിഡ്, എച്ച്1എന്‍1 കേസുകള്‍ വ്യാപിക്കുന്നു; സ്വയം ചികിത്സ ഒഴിവാക്കണമെന്ന് വിദഗ്ദര്‍

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Published

on

കൊവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്തെമ്പാടും വലിയ തരംഗം തീര്‍ത്ത കൊവിഡ് ഇപ്പോള്‍ വലിയ തോതില്‍ പിന്മാറ്റം നടത്തിയെങ്കിലും അതിന്റെ അലയൊലികള്‍ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഉയര്‍ന്ന തോതിലുള്ള മലിനീകരണവും ആണ് ഇതിന് അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, നെഞ്ചിലെ അസ്വസ്ഥത എന്നിവയുമായാണ് മിക്ക രോഗികളും ക്ലിനിക്കുകളില്‍ എത്തുന്നത്. പുതിയ ജെഎന്‍1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം നിരീക്ഷണം വര്‍ധിച്ചതോടെ കൊവിഡ് 19 ആശങ്കാജനകമായ തുടരുന്ന സാഹചര്യത്തില്‍ തന്നെ ഇന്‍ഫ്‌ലുവന്‍സ, ആര്‍.എസ്.വി, അഡെനോവൈറസ്, റിനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ എന്നിവയും പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, ചുമ തുടങ്ങിയ മുകളിലെ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമേ ഓക്‌സിജന്റെ അളവ് കുറവും ശ്വാസതടസം, ന്യുമോണിയ എന്നിവയുമായാണ് രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത്. ഇതില്‍ മിക്കവര്‍ക്കും കൊവിഡ് 19, ഇന്‍ഫ്‌ലുവന്‍സ, എച്ച്1എന്‍1 എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കൊവിഡ് അണുബാധ മൂലം ശ്വാസപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആളുകളുടെ സ്ഥിതി താഴ്ന്ന താപനിലയും ഉയര്‍ന്ന മലിനീകരണ തോതും മൂലം കൂടുതല്‍ വഷളാവുകയാണ്. രോഗികള്‍ക്കിടയില്‍ വില്ലന്‍ ചുമയും ശ്വാസനാളത്തിലെ വീക്കവും കാണപ്പെടുന്നുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്ത് ചെയ്യണം

മതിയായ വിശ്രമം എടുക്കുക. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പടരുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം. അതേസമയം ഉയര്‍ന്ന പനി 2 ദിവസത്തില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക.

പനി നിയന്ത്രിക്കാന്‍ പാരസെറ്റമോള്‍ പോലുള്ള ആന്റിപൈറിറ്റിക്‌സ്, നീരാവി ശ്വസിക്കുന്നത്, ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് തൊണ്ട കഴുകുന്നത് പോലെ മിക്ക രോഗികള്‍ക്കും സപ്പോര്‍ട്ടീവ് കെയര്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ആന്റിബയോട്ടിക് ചികിത്സയുടെ ആവശ്യം പലര്‍ക്കും വരുന്നില്ല.

അതിനാല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായതിനാല്‍ ആളുകള്‍ അവ വാങ്ങി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ആന്റിവൈറലുകള്‍ക്ക് മാത്രമേ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. പാരസെറ്റമോളിനോട് ശരീരം പ്രതികരിക്കുന്നത് നിര്‍ത്തുകയോ ശ്വാസതടസവും ഉയര്‍ന്ന പനിയും ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

പ്രായമായവര്‍, വളരെ ചെറുപ്പക്കാര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വിട്ടുമാറാത്ത ഹൃദയ, ശ്വാസകോശ, വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരാണ് ഈ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്ക രോഗികളും ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവരാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ആസ്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ള ആളുകള്‍ക്ക് പനിയുടെയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു.

രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, ഹസ്തദാനം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുക വഴി രോഗത്തെ അകറ്റി നിര്‍ത്തുക എന്നതാണ് ഏക മാര്‍ഗം. അപകടസാധ്യതയുള്ളവര്‍ പനി സീസണുകളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

Health

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വിതരണക്കാർ; ഗവ. മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

Published

on

ഗവ. മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡി. കോളജുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സർജിക്കൽ ഉപകരണങ്ങൾ മാത്രമാണ്.

30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക.സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ ഇൻഷുറൻസ് ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

 

Continue Reading

Health

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കി

രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

Published

on

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തിൽപ്പെട്ട കൊതുകാണ് രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണം. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ആരംഭിച്ചു.

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

Trending