india

വാക്‌സിന്‍ വികസിപ്പിക്കുന്നതിന് തടസ്സമാകില്ല; ഇന്ത്യയിലെ കൊറോണ വൈറസിന് വലിയ ജനിതക മാറ്റമില്ലെന്ന് പഠനം

By Test User

October 17, 2020

ഡല്‍ഹി: ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും വലിയ ജനിതകവ്യതിയാനമൊന്നും ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ അറിയിപ്പ്.

കൊറോണ വൈറസില്‍ സംഭവിക്കുന്ന ചില ജനിതക വ്യതിയാനങ്ങള്‍ ഫലപ്രദമായ വാക്‌സിന്‍ വികസനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വികസിപ്പിച്ച വാക്‌സിനുകളെയൊന്നും തന്നെ ഈ ജനിതക വ്യതിയാനങ്ങളൊന്നും ബാധിക്കില്ല എന്നാണ് ആഗോള പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വൈറസുകള്‍ പെരുകുമ്പോള്‍ വൈറസിന്റെ ചില പുതിയ ശ്രേണികള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പുതിയ ശ്രേണികള്‍ ശക്തമല്ലെങ്കില്‍ അവ വേഗം നശിച്ചു പോകും. അതല്ല ശക്തമായ പുതിയ ശ്രേണികളാണെങ്കില്‍ വൈറസ് വ്യാപനം വേഗത്തിലാകും. രാജ്യത്തെ മൂന്ന് വാക്‌സിനുകള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്.