ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ബുധനാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്.

രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. അല്‍ വജ്ബ, ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൌളത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് കുത്തിവെപ്പ് സൗകര്യം ഉണ്ടാകുക.

അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ആന്റ് ബയോഎന്‍ടെക്കാണ് ഖത്തറിലും കോവിഡ് വാക്‌സിന്‍ എത്തിക്കുന്നത്. ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനാലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയവും അനുമതി നല്‍കിയിരിക്കുന്നത്.

എല്ലാവര്‍ക്കും വാക്‌സിന്‍ സൌജന്യമായിരിക്കും. എന്നാല്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഈ ഘട്ടത്തില്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതില്ല. വിട്ടുമാറാത്ത അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കുത്തിവെപ്പ് സ്വീകരിക്കാവൂ. നിലവില്‍ കോവിഡ് രോഗമുള്ളവരും കോവിഡ് മാറിയവരും കുത്തിവെപ്പ് സ്വീകരിക്കണം. എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കുന്നതോടെ ഖത്തറില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധികള്‍ അറിയിച്ചു.