തിരുവനന്തപുരം: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങളില്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍. ഇന്നു മുതല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പ്രധാന ഇളവുകള്‍ ഇങ്ങനെ;

* വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസമായിരുന്ന ക്വാറന്റീന്‍ ഏഴു ദിവസമാക്കി.

* ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ ക്വാറന്റീന്‍ 14 ദിവസം തന്നെ തുടരേണ്ടി വരും.

* സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം.

* ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി. ഇതുവരെ പാഴ്‌സലിനു മാത്രമായിരുന്നു അനുമതി.

കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത് പ്രതികൂല ഫലമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്. ചൊവ്വാഴ്ച 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3463 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.