main stories

ചെറുപ്പക്കാര്‍ കോവിഡ് വാക്‌സിനായി 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

By chandrika

October 16, 2020

ന്യൂഡല്‍ഡി: കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ പറയുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും കോവിഡ് വാക്‌സിന്‍ ആരംഭിക്കുന്നത്. കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്കാവും ആദ്യം നല്‍കുക. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്‌സിന്‍ നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉടന്‍ വാക്‌സിന്‍ കണ്ടെത്താനാകും എന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും സൗമ്യ പറഞ്ഞു.

ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായൊരു വാക്‌സിന്‍ വളരെ പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ആളുകള്‍ ആര്‍ജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍, വാക്‌സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 182 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പ്രീക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. ഇതില്‍ ഓക്‌സ്ഫര്‍ഡിന്റെ വാക്‌സിന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്ര ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.