വാഷിങ്ടണ്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയുക്ത പ്രസിഡന്റ് ബൈഡനും ഭാര്യ ജില്‍ ബൈഡനും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം ചെയ്തു.

പൊതു ജനങ്ങളില്‍ കോവിഡ് വാക്‌സിന്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ബൈഡനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. കുത്തിവെപ്പ് നേരില്‍ കാണുന്നതോടെ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറായി മുന്നോട്ടു വരും എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ വാരം മുതലാണ് അമേരിക്കയില്‍ ഫൈസര്‍ ബയോണ്‍ടെക്കിന്റെ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും കുത്തിവെപ്പെടുത്തിരുന്നു.