ന്യൂഡല്‍ഹി: യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരെല്ലാം ഐസൊലേഷനില്‍ കഴിയുകയാണെന്നും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു. സഹയാത്രികരെയും കുടുംബാംഗങ്ങളെയും സമ്പര്‍ക്കവിലക്കിലാക്കിയിട്ടുണ്ട്.

സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ക്ക് യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേ സമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കേരളത്തിലും കണ്ടെത്തി. കേരളത്തില്‍ ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗികള്‍. തീവ്രവ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോടും ആലപ്പുഴയിലും ഓരോ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്തും കണ്ണൂരും ഓരോ കേസുകള്‍ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. പുതിയ വൈറസും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.