ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,268 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 551 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. ആകെ മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേര്‍ ഇത് വരെ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കടന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.