kerala

ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു ; അമ്പലപ്പുഴക്ഷേത്രം ഗോശാലയിലെ പശുവിന് വേദനയിൽ നിന്ന് ആശ്വാസം

By webdesk15

June 11, 2023

ഉത്തർപ്രദേശിലെ ഗോശാലയിൽ പശുക്കൾ പട്ടിണികൊണ്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്ന വാർത്തകൾക്കിടയിൽ കേരളത്തിലെ ഒരു ഗോശാലയിലെ ഒരു പശുവിന് വേദനയിൽ നിന്നും ആശ്വാസം നൽകിയ വാർത്ത മറ്റൊരു കേരള സ്റ്റോറിയാകുന്നു.അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിനാണ് ശസ്ത്രക്രിയയിലൂടെ മൃഗ ഡോക്ടർമാർ വേദനയിൽ നിന്നും ആശ്വാസം നൽകിയത്. ഗോശാലയിലെ പശുക്കളിൽ ഒന്നാണ് ഏറെ നാളായി തീറ്റ കഴിക്കാതെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതും വേദനയിൽ വലഞ്ഞതും. ഈ പശുവിന്‍റെ വേദനയുടെ കാരണം കണ്ടെത്തി മണിക്കൂറുകൾ നീണ്ട ശസ്ത്രക്രീയയിലൂടെ പരിഹാരം കണ്ടെന്നുള്ള വാർത്ത പങ്കുവച്ചിരിക്കുന്നത് മന്ത്രി ജെ ചിഞ്ചുറാണിയാണ്

പശുവിന്റെ സ്ഥിതി മോശമായതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വിവരം അറിയിച്ചെന്നും ഉടൻ തന്നെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മേധാവികൾക്ക് അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.. മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്നും ശസ്ത്രക്രിയ വിദഗ്ധർ ഗോശാലയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിൽ കുടലിനോട് ചേർന്ന് വലിയ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. വിശദ പരിശോധനയ്ക്കായി നീക്കം ചെയ്ത ഭാഗം മണ്ണുത്തി വെറ്ററിനറി കോളേജിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനുശേഷം തുടർ ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ Dr.റെജി വർഗീസ്, Dr.നിബിൻ തുടങ്ങിയ നാലാംഗ സംഘം അമ്പലപ്പുഴയിലെ ഡോക്ടർമാരായ Dr.മേരി ലിസി, Dr. ബിജു, Dr. രതീഷ്, Dr. സന്തോഷ് പണിക്കർ, Dr. ഉണ്ണികൃഷ്ണൻ (ചീഫ് വെറ്റിനറി ഓഫീസർ റിട്ടയേർഡ് )തുടങ്ങിയവർ ഈ ദൗത്യത്തിൽ പങ്കെടുത്തു.