പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ വാക്കുകള്‍ക്ക് വിലവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ എല്‍ഡിഎഫില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ധാരണ പത്രത്തില്‍ നിന്ന് പിന്മാറാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളല്‍ തിരിച്ചടിയായേക്കാം.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടെത്തി സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ധാരണ പത്രത്തില്‍ നിന്ന് പിന്മാറണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലന്നുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയാണ് ഒരു വഴി. കേന്ദ്രസര്‍ക്കാര്‍ വഴങ്ങുനില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും.