kerala

കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

By webdesk17

October 18, 2025

കണ്ണൂര്‍: കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറായ പി.പി. രാജേഷിനെയാണ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ ഒരു പവനിലധികം വരുന്ന സ്വര്‍ണമാല പൊട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി(77)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ പി.പി. രാജേഷ് േെമാഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുന്നതിനിടെ ഇയാള്‍ വീടിന്റെ പിന്നിലൂടെ എത്തി മാല പൊട്ടിച്ച് വീടിനകത്ത് കയറി മുന്‍വശത്തുകൂടെ ഓടുകയായിരുന്നു.

മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ജാനകി പറഞ്ഞിരുന്നു. എന്നാല്‍ സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വയോധികയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞിരുന്നു.

കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതി സിപിഎം കൗണ്‍സിലറായ രാജേഷാണെന്ന് തിരിച്ചറിയുകയായിരുന്നു.