main stories

‘സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണ്; ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അസംബന്ധം’: വി.ഡി സതീശന്‍

By webdesk17

September 25, 2025

ഷാഫി പറമ്പില്‍ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഷാഫിക്കെതിരെ അയാള്‍ പറഞ്ഞത് ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മുകാര്‍ സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സുരേഷ് ബാബുവിന്റെ പരാമര്‍ശത്തില്‍ ഷാഫി പരാതി കൊടുക്കുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുത്ത ജനപ്രതിനിധിക്കെതിരെ പരസ്യമായി ഒരു ജില്ലാ സെക്രട്ടറി അസംബന്ധമാണ് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിന് മാത്രം ഒരുനിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരുനിയമവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. അത്രയേറെ അസംബന്ധമാണ് അവര്‍ പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

സിപിഎം പലരെയും അഴിച്ചുവിട്ടിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും ആര്‍ക്കുമെതിരെ എന്തും പറയാന്‍ ഇവര്‍ക്ക് മടിയില്ലെന്നും സതീശന്‍ പറഞ്ഞു.