kerala

‘വർഗീയ ഭിന്നിപ്പിൽ സംഘ്‌പരിവാറിനേക്കാൾ ആവേശം സിപിഎമ്മിന്’; വി.ടി. ബൽറാം

By webdesk18

December 18, 2025

കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ഇപ്പോൾ സിപിഎമ്മിനാണ് ആവേശമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു. ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശിൽപ്പികൾക്കെതിരെ സിപിഎം രംഗത്തുവരികയും തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി പോലും തെരഞ്ഞെടുപ്പിൽ ഈ പാട്ട് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ ചൂണ്ടിക്കാട്ടി, വിഷയവുമായി ബന്ധപ്പെട്ട് മാധ്യമം പ്രസിദ്ധീകരിച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. “കൃത്യം, കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബർ പൊലീസാണ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതിചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്‌.ഐ.ആറിലും അതുതന്നെയാണ് ചേർത്തിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തിൽ മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തുകയും മതസൗഹാർദം തകർക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിർമിച്ചതെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിർമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അയ്യപ്പന്റെ പേര് പരാമർശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.