തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം സ്വീകരിച്ചു. 30 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാര്‍ട്ടി വിട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുജ ചന്ദ്രബാബു നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ.
സിപിഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പുറമെ പറയുന്നത് പോലെ മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. അടുത്തിടെ കൊല്ലം ജില്ലയില്‍ സിപിഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.