kerala

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി സി.പി.എം നേതാവ്

By webdesk18

December 15, 2025

മലപ്പുറം: സ്ത്രീകൾക്കെതിരെ അധിക്ഷേപകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തി സി.പി.എം നേതാവ്. തെന്നല സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അലി മജീദാണ് സ്വീകരണ യോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വനിതാ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് സയ്യിദ് അലി മജീദ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. വോട്ടെടുപ്പിനിടെ വനിതാ ലീഗ് പ്രവർത്തകർ കൂട്ടായ്മയായി വോട്ട് തേടിയതിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഇതിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടുവെന്നതാണ് പരാതി.

പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയ ശേഷമാണ് സയ്യിദ് അലി മജീദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ വാർഡിൽ ഏകദേശം 20 വനിതാ ലീഗ് പ്രവർത്തകർ സജീവമായി വോട്ട് തേടാൻ രംഗത്തിറങ്ങിയിരുന്നു. ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും, അന്യപുരുഷന്മാരുടെ മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ട് തേടിയതിനെതിരെയാണ് വിമർശിച്ചതെന്നും സയ്യിദ് അലി മജീദ് വിശദീകരിച്ചു. സ്ത്രീകളെ “മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു” എന്ന അർഥത്തിലാണ് പരാമർശം നടത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു.

എന്നാൽ പ്രസംഗം സ്ത്രീ വിരുദ്ധവും അപമാനകരവുമാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതൃത്വം ശക്തമായി രംഗത്തെത്തി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു.