editorial

രക്തസാക്ഷി ഫണ്ടും കൊള്ളയടിക്കുന്ന സി.പി.എം

By Lubna Sherin K P

January 24, 2026

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ അച്ചടക്കത്തിന്റേയും വ്യവസ്ഥാപിത പ്രവര്‍ത്തനത്തിന്റെയും മാതൃകയായി സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ് വടക്കന്‍ കേരളത്തില്‍നിന്നും നിരന്തരം പുറത്തുവരുന്നത്. വയനാട്ടിലെ ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ, പയ്യന്നൂരില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനായി സമാഹരിച്ച ഫണ്ടില്‍ നടന്ന വെട്ടിപ്പും പുറത്തുവരുമ്പോള്‍ അത് കേവലം ഒരു പ്രാദേശിക സാമ്പത്തിക തിരിമറി എന്നതിലുപരി പാര്‍ട്ടിയുടെ ധാര്‍മ്മികാടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടെ രക്തസാക്ഷികള്‍ വൈകാരികമായ ഒന്നാണ്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക എന്നത് പ്രസ്ഥാനത്തിന്റെ ബാധ്യതയുമാണ്. എന്നാല്‍ പയ്യന്നൂരിലെ ധനരാജ് കുടുംബ സഹായ ഫണ്ടില്‍ നടന്നുവെന്ന് പറയപ്പെടുന്ന വെട്ടിപ്പ് ഈ വൈകാരികതയെപ്പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂഷണോപാധിയാക്കുന്നു എന്നതിന്റെ തെളിവാണ്. ധനരാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനും കടം വീട്ടാനും പൊതുജനങ്ങളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പിരിച്ചെടുത്ത പണം അഴിമതിക്കാരുടെ കൈകളിലെത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനനും സംഘവും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ നടത്തിയത്. ധന്‍രാജ് രക്തസാക്ഷി ഫണ്ടിനുപുറമെ തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ തെളിവ് സഹിതം സംസ്ഥാന നേത്യത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പാര്‍ട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും വി. കുഞ്ഞിക്കഷ്ണന്‍ വെളിപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരേ വിമതന്‍ മത്സരിച്ച് ജയിച്ചതിലെ തിരിച്ചടിയുംകൂടി നിലനില്‍ക്കെയാണ് രക്തസാക്ഷി ഫണ്ടില്‍ പാര്‍ട്ടി തിരിമറി നടത്തിയെന്ന പരസ്യ വെളിപ്പെടുത്തല്‍.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍, 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്, ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് നിര്‍മിച്ചുനല്‍കാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ഒരു കോടിയോളം രൂപ സമാഹരിച്ചതായാണ് വിവരം. വീട് നിര്‍മാണത്തിന് 25 ലക്ഷത്തിലധികം രൂപ ചെലവായി ഭാര്യയുടെയും രണ്ട് മക്കളുടെയും പേരില്‍ അഞ്ച് ലക്ഷം രൂപ വിതവും അമ്മയുടെ പേരില്‍ മൂന്നു ലക്ഷം രൂപയും (ആകെ 18 ലക്ഷം രു പ) സ്ഥിര നിക്ഷേപം നടത്തി. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാക്കി. പാര്‍ട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ, സ്വകാര്യ ജോയിന്റ അക്കൗണ്ട് ആയിരുന്നു ഇത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരായ കേസുകള്‍ നടത്താന്‍ ഈ പണം വിനിയോഗിക്കുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഫണ്ടില്‍ നിന്നു വീട്ടിയില്ല. ധനരാജിന്റെ ഭാര്യക്കു പാര്‍ട്ടി ജോലി നല്‍കിയിട്ടുണ്ടെന്നും ബാധ്യത ശമ്പളത്തില്‍ നിന്ന് അടച്ചുതീര്‍ക്കാമെന്നുമായിരുന്നു ചില നേതാക്കളുടെ ന്യായം. 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിനു ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ പലിശ ഒരു ഏരിയ നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണു മാറ്റിയതെന്നും വ്യക്തമായിട്ടുണ്ട്. മൂന്നു ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെ രണ്ട് തവണകളായാണു പലിശ മാറ്റിയത്. അധികം വൈകാതെ, നേതാക്കളുടെ പേരിലുള്ള 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും പിന്‍വലിച്ചു. ഈ തുക പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ടിലേക്ക്, ഏരിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാറ്റിയ താണെന്നു ചില നേതാക്കള്‍ വിശദീകരിച്ചുവെങ്കിലും ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനുട്സില്‍ ഈ തീരുമാനം രേഖപ്പെടുത്തിയതായി തെളിവില്ല. ചര്‍ച്ച ചെയ്തതായി പല അംഗങ്ങള്‍ക്കും അറിവുമില്ല. ഏരിയ കമ്മിറ്റി കെട്ടിടം 2018 ല്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണ ഫണ്ടിന്റെ വരവ് ചെലവു കണക്ക് ഇതുവരെ പൂര്‍ണമായി അവതരിപ്പിച്ചിട്ടില്ല. അവതരിപ്പിച്ച ചെലവു കണക്കിലാകട്ടെ, 26 ലക്ഷത്തോളം രൂപയുടെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. പല ചെലവുകള്‍ക്കും രേഖയില്ല. എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഒരു ഇടപാടിന് ഒറ്റ രസിതു പോലുമില്ല.

തിരഞ്ഞെടുപ്പ് ഫണ്ടില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ രക്തസാക്ഷി ഫണ്ടിലെ വെട്ടിപ്പും കണ്ടെത്തിയിരുന്നു. പണം എവിടെയുണ്ടോ അവിടെ പാര്‍ട്ടി സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന തോന്നല്‍ സാധാരണക്കാരായ അണികള്‍ക്കിടയില്‍പ്പോലും അവിശ്വാസം വളര്‍ത്തുന്നു. അഴിമതി പുറത്തുവരുമ്പോള്‍ അന്വേഷണ കമ്മിഷനുകളെ വെക്കുന്നതും കീഴ്ഘടകങ്ങളെ പിരിച്ചുവിടുന്നതും സി.പി.എമ്മിന്റെ പതിവുരീതിയാണ്. എന്നാല്‍, പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന പണം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് പാര്‍ട്ടി അന്വേഷിച്ചതുകൊണ്ട് മാത്രം അവസാനിക്കേണ്ട ഒന്നല്ല, രാജ്യത്തെ നിയമവ്യവസ്ഥക്ക് മുന്നില്‍ ഇത്തരം കൊള്ളുകള്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ‘അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു പാര്‍ട്ടിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും’ എന്ന ചോദ്യം ഇന്ന് കേരളം ഗൗരവത്തോടെ ചോദിക്കുന്നുണ്ട്. അയ്യപ്പന്റെ സ്വര്‍ണം പോലും കട്ടെടുക്കുന്നവര്‍ക്ക് ഇതെല്ലാം നിസ്സാര സംഭവങ്ങളായിരിക്കും. എന്നാല്‍ വയറ് മുറുക്കിയുടുത്ത് ഓരോ ചില്ലിക്കാശും സ്വരുക്കൂട്ടി വെക്കുന്ന സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഉപ്പുനീര് പതിഞ്ഞ പണമാണിതെന്ന് പാര്‍ട്ടി ഓര്‍ക്കുന്നത് നല്ലതാണ്. ജനകീയ അടിത്തറയുള്ള ഒരു പ്രസ്ഥാനം കോര്‍പ്പറേറ്റ് ശൈലിയിലേക്കും സാമ്പത്തിക സുതാര്യതയില്ലാത്ത അവസ്ഥയിലേക്കും മാറുമ്പോള്‍ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്തസ്സാണ്. പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നേതൃത്വത്തിന് കഴിയാത്ത പക്ഷം, അണികളുടെ വിശ്വാസവും ജനങ്ങളുടെ പിന്തുണയും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ല.