കാസര്‍കോട്: പട്ടിക ജാതി കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നാലുലക്ഷം രൂപ സി.പി.എം മെമ്പര്‍ തിരിമറി നടത്തിയതായി പരാതി. കാസര്‍കോട് ചെങ്കള പഞ്ചായത്തിലുള്ള പിലാങ്കട്ട കോളനിയിലെ സുശീലക്ക് ലഭിക്കേണ്ട അരലക്ഷം രൂപയാണ് നാലാം വാര്‍ഡ് മെമ്പറായ അബ്ദുല്ല കൈക്കലാക്കിയത്. വീട് നിര്‍മിക്കാന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സുശീലയുടെ കൈയില്‍ നിന്നും പണം വാങ്ങിയത്.

മേല്‍ക്കൂര തകര്‍ന്ന വീട്ടിലാണ് സുശീലയും അസുഖ ബാധിതയായ മാതാവ് അമ്മിണിയും താമസിക്കുന്നത്. ഇതേതുടര്‍ന്ന് ആറുമാസം മുമ്പാണ് പുതിയ വീട് നിര്‍മിക്കുന്നതിനായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ടില്‍ നിന്നും നാലുലക്ഷം രൂപ സുശീലയുടെ കുടുംബത്തിന് അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 52,000രൂപ സുശീലയുടെ അക്കൗണ്ടില്‍ വന്നെങ്കിലും വീട് നിര്‍മിക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് അബ്ദുല്ല പണം തട്ടുകയായിരുന്നു. ബാങ്കില്‍ നിന്നും പണം ഒപ്പിട്ട് വാങ്ങിയ ശേഷം സുശീലക്ക് രണ്ടായിരം രൂപ ഏല്‍പ്പിക്കുകയും ബാക്കി അമ്പതിനായിരം രൂപ അബ്ദുല്ല എടുക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാണാത്തതിനെ തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത്