kerala

വെള്ളാപ്പള്ളിക്കെതിരെ മിണ്ടാട്ടമില്ലാതെ സിപിഎം; മന്ത്രിസഭ അണിനിരന്ന് അടുത്ത സ്വീകരണം എന്നാണെന്ന് സോഷ്യല്‍ മീഡിയ

By webdesk14

July 20, 2025

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിഷംചീറ്റിയിട്ടും മിണ്ടാട്ടമില്ലാതെ സി.പി.എം. കോട്ടയം ഒരു സമുദായത്തിന്റെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ഈ സമുദായത്തിന്റെ കൈയിലാണെന്നും പറഞ്ഞ ഇദ്ദേഹം കേരളത്തിൽ മതാധിപത്യമാണെന്നും കൂട്ടിച്ചേർത്തു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന വി.എസ് അച്യുതാനന്ദന്റൈ പ്രസംഗം ഉദ്ധരിച്ച വെള്ളാപ്പള്ളി അതിന് ഇനി അധികസമയം വേണ്ടെന്നും ഈഴവസ്ത്രീകളോട് കൂടുതൽ പ്രസവിക്കാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞത്.

നേരത്തെ മലപ്പുറം ജില്ലക്കെതിരെ വിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തത്. മാത്രവുമല്ല, ഒരു ജില്ലക്കെതിരായ പരാമർശം മുസ്ലിംലീഗിനെതിരാണ് എന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇനി മന്ത്രിമാർ അണിനിരന്നുള്ള സ്വീകരണ പരിപാടി എന്നാണ് എന്ന് സി.പി.എം അണികൾ തന്നെ ചോദിച്ച് തുടങ്ങിയിട്ടും സി.പി.എമ്മിന് മിണ്ടാട്ടമില്ല. വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെ വർഗീയ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ സി.പി.എമ്മിനെതിരെയോ യു.ഡി.എഫിന് അനുകൂലമായോ പറയേണ്ടി വരും എന്ന സ്ഥിതിയാണുള്ളതെന്നും ചിലർ സൂചിപ്പിച്ചു.