main stories

വിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം

By Manya

May 09, 2026

നേതൃത്വവും അണികളും അനുഭാവികളുമെല്ലാം ഒരുപോലെ അഴിച്ചുവിടുന്ന വിമര്‍ശനശരങ്ങളേറ്റ് പുളയുകയാണ് പിണറായി വിജയനും എം.വി ഗോവിന്ദനുമുള്‍പ്പെടെയുള്ള സി.പി.എം നേതൃത്വം. പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൊക്കിലൊതുക്കി ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയുള്ള ഈ സംഘത്തിന്റെ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു തന്നെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പക്ഷേ പിണറായി വിജയന്റെ അപ്രമാദിത്വത്തിന് മുന്നില്‍ ഒരക്ഷരം ഉരിയാടാനാകാതെ എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുകയായിരുന്നു ഉന്നത നേതൃത്വത്തിലുള്ളവര്‍ പോലും. എന്നാല്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്. പതിവിനുവിപരീതമായി പാര്‍ട്ടിസെക്രട്ടറിയേറ്റില്‍ തന്നെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്റെ പ്രചാരണ രംഗത്തെ പരാമര്‍ശങ്ങളാണ് കാര്യമായും വിമര്‍ശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പ്രധാന കാരണം സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പാണെന്ന് വൈകിയാണെങ്കിലും നേതാക്കള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുകയാണ്. പിണറായി വിരോധം ഇത്രമേല്‍ ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനത്തിനുപുറമെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യം വരെ ഉയരുകയും ചെയ്തിരിക്കുകയാണ്. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണം. അസാധാരണമായ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത് അപ്പോള്‍ അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

മറുഭാഗത്ത് നേതൃത്വത്തെ വിമര്‍ശിച്ച് അണികളില്‍ നിന്ന് കത്തെഴുത്ത് പ്രവാഹം പോലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്. തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണീ കത്തെഴുത്ത്. അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സി.പി.ഐ.എം എന്ന് പി.ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കണ്ണൂരിലാകട്ടേ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് യുദ്ധമാണ് നടക്കുന്നത്. ‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പുതിയ ഫ്‌ളക്‌സില്‍ പി. ജയരാജനെയും എം. സ്വരാജിനെയും അനുകൂലിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്. ‘പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടത്, ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല’ എന്ന വരികള്‍ നിലവിലെ നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, ‘അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂ’ എന്ന ആഹ്വാനം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ തന്നെ അണികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ചാണ് വീണ്ടും ബോര്‍ഡുകള്‍ ഉയരുന്നത്. സമാനമായ രീതിയില്‍ പയ്യന്നൂര്‍ മേഖലയിലും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ‘ഒറ്റുകാര്‍’ എന്നാണ് പോസ്റ്ററില്‍ നേതൃത്വത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഘടക കക്ഷികളും പിണറായിയെ വെറുതെ വിടുന്നില്ല. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യു.ഡി.എഫിന് അനുകൂലമായതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തില്‍പോലും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്‌മോന്‍, ചെറ്റത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും സിപിഐയില്‍ ആവശ്യം ഉയരുകയുണ്ടായി.

ഇതിനു പുറമെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി സഹയാത്രികരുമെല്ലാം പിണറായിയുടെ അപ്രമാദിത്വവും എം.വി ഗോവിന്ദന്റെ കഴിവുകേടുമെല്ലാം തുറന്നടിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയോഗങ്ങളില്‍ നിര്‍ഭയം വിമര്‍ശനം ഉന്നയിക്കാമെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുന്‍കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം പിണറായിയാണെന്നാണ് മുന്‍ എം.പിയും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും. പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് എന്നിങ്ങനെ അതിരൂക്ഷമായി മുന്നോട്ടുനീങ്ങുന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഏതായാലും ഇക്കാലമത്രയും തുടര്‍ന്നുപോന്ന ഏകാധിപത്യത്തിനും സേഛാധിപത്യത്തിനും പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുന്ന സാഹചര്യമാണ് സ്വന്തം പക്ഷത്തുനിന്നുപോലും ഉരുത്തിരിഞ്ഞുവരുന്നതെന്ന് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.