kerala

‘പൊലീസുകാര്‍ പിന്നെ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

By webdesk17

September 16, 2025

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍. പോലീസുകാര്‍ സുജിത്തിന് ബിരിയാണി വാങ്ങി കൊടുക്കുമോയെന്ന് ജില്ലാ സെക്രട്ടറി ചോദിച്ചു. കഴിഞ്ഞ ദിവസം തൃശൂരില്‍ നിടന്ന പരിപാടിക്കിടെയായിരുന്നു അബ്ദുല്‍ ഖാദര്‍ പൊലീസിനെ ന്യായികരിച്ച് പ്രസ്താവന നടത്തിയത്. പൊലീസുകാര്‍ക്കെതിരെ നടപടി വരെ എടുത്ത സാഹചര്യത്തിലാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന.

2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനത്തിനിരയായത്. തുടര്‍ന്നു എസ്ഐ നൂഹ്മാന്‍, പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സജീവന്‍, ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് നാലുപേരെയും സസ്പെന്‍ഡ് ചെയ്തത്.

അതേസമയം, പൊലീസുകാരുടെ സസ്‌പൈന്‍ഷനില്‍ സന്തുഷ്ഠനല്ല, അവരെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വി.എസ്. സുജിത്ത് പ്രതികരിച്ചിരുന്നു. ഈ പൊലീസുകാര്‍ക്ക് ആര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു.