News

‘ക്രിക്കറ്റ് ഇപ്പോള്‍ നയതന്ത്രമല്ല, സംഘര്‍ഷത്തിന്റെ ഉപാധിയായി’; മൈക്കല്‍ അതര്‍ട്ടണ്‍

By webdesk17

October 06, 2025

ഏഷ്യാ കപ്പിലെ ഇന്ത്യപാകിസ്ഥാന്‍ മത്സരങ്ങള്‍ വീണ്ടും വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ സാഹചര്യത്തില്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതര്‍ട്ടണ്‍ ശക്തമായ അഭിപ്രായവുമായി രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇരുടീമുകളുടെയും താരങ്ങള്‍ കൈകൊടുക്കാത്തതും, ട്രോഫി സ്വീകരിക്കാത്തതും പോലുള്ള സംഭവങ്ങള്‍ ക്രിക്കറ്റ് നയതന്ത്രത്തിനുപകരം സംഘര്‍ഷത്തിന്റെ വേദിയാകുന്നുവെന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കൊളംബോയില്‍ നടന്ന വനിതാ ലോകകപ്പ് മത്സരത്തിലും ഇരു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം ഒഴിവാക്കിയതും ഈ അഭിപ്രായത്തിന് ശക്തി പകര്‍ന്നുവെന്നു അതര്‍ട്ടണ്‍ പത്രത്തിലെ തന്റെ കോളത്തില്‍ കുറിച്ചു.

2013 മുതല്‍ നടന്ന 11 ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യപാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തമ്മില്‍ ഏറ്റുമുട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ”ക്രിക്കറ്റ് ഒരു കാലത്ത് നയതന്ത്രത്തിനുള്ള ഉപാധിയായിരുന്നു, പക്ഷേ ഇന്ന് അത് സംഘര്‍ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണത്തിന്റെയും വേദിയായി മാറിയിരിക്കുന്നു,” അതര്‍ട്ടണ്‍ എഴുതി.

ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണ അവകാശങ്ങള്‍ക്ക് വലിയ വില ലഭിക്കുന്നതില്‍ പ്രധാന പങ്ക് ഇന്ത്യപാകിസ്ഥാന്‍ മത്സരങ്ങളുടേതാണെന്നും അദ്ദേഹം സമ്മതിച്ചു. ”സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇത്തരം മത്സരങ്ങള്‍ ക്രമീകരിക്കുന്നത് തെറ്റല്ല, പക്ഷേ അത് ഇപ്പോള്‍ രാഷ്ട്രീയമോ പ്രചാരണമോ ലക്ഷ്യമാക്കുമ്പോള്‍ ന്യായീകരിക്കാനാകില്ല,” എന്നും അതര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.