News

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു; 1900ക്ക് ശേഷം ആദ്യമായി മെഡല്‍ ഇനം

By webdesk17

November 08, 2025

ന്യൂഡല്‍ഹി: ക്രിക്കറ്റിനെയും ഒളിമ്പിക് കളികളില്‍ മെഡല്‍ ഇനമായി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലും ഐ.സി.സി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) യും ഒരുമിച്ച് തീരുമാനിച്ചു. 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് വീണ്ടും മെഡല്‍ മത്സരമായി അരങ്ങേറുന്നത്.

1900ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം, ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ക്രിക്കറ്റിന്റെ ഒളിമ്പിക്‌സ് ഫോര്‍മാറ്റിന് അംഗീകാരം നല്‍കി.

പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ വീതം പങ്കെടുക്കുന്ന ട്വന്റി20 മത്സരങ്ങളായിരിക്കും നടത്തുക. ടീമുകള്‍ ഭൂഖണ്ഡ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും ഏഷ്യയില്‍ നിന്ന് ഇന്ത്യ, ഓഷ്യാനിയയില്‍ നിന്ന് ഓസ്‌ട്രേലിയ, യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ആതിഥേയരെന്ന നിലയില്‍ അമേരിക്ക, കൂടാതെ ഗ്ലോബല്‍ ക്വാളിഫയര്‍ വഴി ആറാം ടീം.

മൊത്തം 28 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍ണമെന്റ് 2028 ജൂലൈ 12 മുതല്‍ 29 വരെ നീളും. പുരുഷ വിഭാഗം ജൂലൈ 29ന്, വനിതാ വിഭാഗം ജൂലൈ 20ന് മെഡല്‍ മത്സരം നടക്കും.

ഒളിമ്പിക്‌സിന് മുമ്പായി ഏഷ്യന്‍ ഗെയിംസ്, ആഫ്രിക്കന്‍ ഗെയിംസ്, പാന്‍ അമേരിക്ക ഗെയിംസ് എന്നിവയിലും ക്രിക്കറ്റ് അരങ്ങേറാനിരിക്കുകയാണ്.

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് മടങ്ങിയെത്തുന്നത് ”അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ആരാധകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും” എന്ന് ഐ.ഒ.സി പ്രസിഡന്റ് ക്രിസ്റ്റി കോവെന്‍ട്രി പ്രതികരിച്ചു. അത് ലോകതലത്തില്‍ ക്രിക്കറ്റിന്റെ പ്രചാരണം കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.