News

റിച്ച ഘോഷിന് ആദരമായി സിലിഗുരിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം; പ്രഖ്യാപനവുമായി മമത ബാനര്‍ജി

By webdesk17

November 11, 2025

കൊല്‍ക്കത്ത: ആദ്യമായി വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്കായി നേടിക്കൊടുത്ത വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിച്ച ഘോഷിന് ആദരസൂചകമായി സിലിഗുരിയില്‍ ‘റിച്ച ക്രിക്കറ്റ് സ്റ്റേഡിയം’ നിര്‍മ്മിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു.

റിച്ചയുടെ ജന്മനാടായ വടക്കന്‍ ബംഗാളിലെ സിലിഗുരിയിലെ ചാന്‍ദ്മണി ടീ എസ്റ്റേറ്റിലെ 27 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം പണിയുക. ”ഇത് റിച്ചയുടെ സംഭാവനയ്ക്കുള്ള ആദരവും വടക്കന്‍ ബംഗാളില്‍ നിന്നുള്ള കൂടുതല്‍ യുവാക്കള്‍ക്ക് പ്രചോദനവുമായിരിക്കും,” മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശനിയാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ റിച്ച ഘോഷിന് സംസ്ഥാനത്തെ ഉന്നത ബഹുമതിയായ ‘ബംഗ ഭൂഷണ്‍’ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കൂടാതെ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) പദവി നല്‍കി നിയമിക്കുകയും, ഒരു സ്വര്‍ണ്ണമാല, ഫൈനല്‍ മത്സരത്തില്‍ റിച്ച നേടിയ ഓരോ റണ്‍സിനും ഒരു ലക്ഷം രൂപ നിരക്കില്‍ 34 ലക്ഷം രൂപ, കൂടാതെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സ്വര്‍ണ്ണ ബാറ്റും ബോളും സമ്മാനിക്കുകയും ചെയ്തു.

വനിത ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം റിച്ച എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 39.16 ശരാശരിയിലും 133.52 സ്ട്രൈക്ക് റേറ്റിലും 235 റണ്‍സ് നേടി. കൂടാതെ, ഒരു വനിത ലോകകപ്പില്‍ 12 സിക്‌സറുകള്‍ എന്ന ഡിയാന്‍ഡ്ര ഡോട്ടിന്റെ റെക്കോഡ് സമമാക്കി. ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴാമതായി ബാറ്റ് ചെയ്ത റിച്ച 24 പന്തില്‍ 34 റണ്‍സ് (3 ഫോര്‍, 2 സിക്‌സ്) നേടി ഇന്ത്യയുടെ 298 എന്ന വെല്ലുവിളിയേറിയ സ്‌കോറിന് അടിത്തറയിട്ടു.