kerala

വാഹനപരിശോധനക്കിടെ 2.57 കോടിരൂപ പിടിച്ചെടുത്തു

By web desk 1

March 28, 2021

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനപരിശോധനക്കിടെ 2,57,97500 രൂപയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി റഫീഖ് അലിയെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മലപ്പുറം പോലീസ് പരിശോധന നടത്തിയത്. കാറിന്റെ സീറ്റിന് പിറകിലുണ്ടാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് റഫീഖ് അലി രേഖകളില്ലാത്ത പണം കൊണ്ട് പോകുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്തത് കുഴല്‍ പണമാകാനാണ് സാധ്യതയെന്നും ഇയാളുമായി ബന്ധമുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഡി.വൈ.എസ്.പി. കെ. സുദര്‍ശന്‍, കെ. പ്രേംസദന്‍, ബിബിന്‍ പി. നായര്‍, എം. മുഹമ്മദലി, എസ്. ഉമ്മര്‍, സി. രജീഷ്, ആര്‍. സഹേഷ് പങ്കെടുത്തു.