മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന് പിന്തുണയുമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍. അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്റെ പ്രതികരണം.
മദ്യപിച്ച് വണ്ടിയോടിച്ച ഒരാളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണെന്നും ജിഷിന്‍ പ്രതികരിച്ചു. പോലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം നാട്ടുകാര്‍ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിന്‍ ചോദിക്കുന്നു.
മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേ പേര്‍ പരിതപിച്ചിരുന്നു. ഇപ്പോള്‍ ആര്‍ക്കും പരിതാപമൊന്നുമില്ലെന്നും അവന്‍ ആര്‍ട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിന്‍ പറയുന്നു. ലോകത്ത് ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാര്‍ഥ്. ക്രിസ്മസ്, ന്യൂഇയര്‍ സമയത്ത് എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും ജിഷിന്‍ വീഡിയോയില്‍ പറയുന്നു.
ബുധനാഴ്ച്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വില്‍പനക്കാരനെ ഇടിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സിദ്ധാഥിനെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.