editorial

ക്രിമിനലുകളുടെ സ്വന്തം സര്‍ക്കാര്‍

By webdesk18

January 15, 2026

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. ക്രിമിനലുകളോടുള്ള ആഭിമുഖ്യവും കരുതലും തുറന്നുകാട്ടുന്ന പിണറായി സര്‍ക്കാറിന്റെ എണ്ണിയാലൊടുങ്ങാത്ത നടപടികളിലൊന്നായി മാത്രമേ, വ്യപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ഈ തലതിരിഞ്ഞ പരിഷ്‌കാരത്തെ സാമാന്യജനങ്ങള്‍ നോക്കിക്കാണുന്നുള്ളൂ.

കേരളത്തിന്റെ മനസാക്ഷിയെ തകര്‍ത്തു കളഞ്ഞ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ആകാവുന്ന സൗകര്യങ്ങളൊരുക്കിയും, ഹൈക്കോടതിയുടെ പോലും വിമര്‍ശനങ്ങള്‍ക്കിടവരുത്തുന്ന രീതിയില്‍ പരോളുകള്‍ അനുവദിച്ചും തലോടിക്കൊണ്ടിരിക്കുന്നത് കേരളം അല്‍ഭുതത്തോടെയും അതിലുപരി ആത്മരോഷത്തോടെയും വീക്ഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍പോലും ജയില്‍പുള്ളികളുമായി ഒത്തുകളിക്കുന്ന വിവരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയും സമ്മതത്തോടെയും കൂടി തന്നെയാണെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ദര്‍ശിക്കാത്തവിധത്തിലുള്ള കൂലി വര്‍ധന തടവുകാര്‍ക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്.

വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐതിഹാസിക സമരങ്ങള്‍ക്ക് കേരളത്തിന്റെ ഭരണ സിരാകേന്ദ്രം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണമറ്റ സംഘടനകളും കൂട്ടായ്മകളും തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ പൊതുസമൂഹം മൂക്കത്തു വിരല്‍ വെച്ചുപോയതാണ്. തൊഴിലുറപ്പ് തൊഴിലാളിക്ക് 369 രൂപയും ആശാവര്‍ക്കര്‍മാര്‍ക്ക് 400 രൂപയും, കയര്‍ തൊഴിലാളിക്ക് 468 രൂപയും, പെട്രോള്‍ പമ്പ് ജീവനക്കാരന് 458 രൂപയും, കശുവണ്ടി തൊഴിലാളിക്ക് 538 രൂപയും വേതനം ലഭിക്കുന്ന നാട്ടിലാണ് ജയില്‍പുള്ളിക്ക് 620 രൂപ ദിവസക്കൂലി ലഭിക്കുന്നത്.

ഈ പറയപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ഈ വരുമാനത്തില്‍ നിന്ന് തന്നെ ഭക്ഷണത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടിവരുമ്പോള്‍ തടവുകാര്‍ക്ക് താമസവും ഭക്ഷണവും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആ യിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവാ യിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.

നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ് വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന് നിര്‍ണായക നടപടി കൂടിയാണെന്നുമാണ് ഇതുസംബ ന്ധിച്ച് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിവിധ ഉല്‍പാദന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാറിന്റെ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ വേതന വര്‍ധനവെന്ന ന്യായമായ ആവശ്യവുമായി സമരത്തിനിറങ്ങിയപ്പോള്‍ അതിനോട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളംകണ്ടതാണ്.

ജീവിതംമുഴുവന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടി ഉഴിഞ്ഞുവെച്ച ഒരു വിഭാഗം തീര്‍ത്തും ന്യായമായ ആവശ്യമുന്നയിച്ച് ഒരുവര്‍ഷത്തോളം ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ സമരംചെയ്തിട്ടും കാണാതെ പോയവരാണ് 5 ജയില്‍പുള്ളികളുടെ കൂലിവര്‍ധനയില്‍ ഈ ശുശ്കാന്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ തന്നെ ഇടതു സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്.