news

കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും; ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു

By webdesk18

December 04, 2025

ന്യൂഡല്‍ഹി: നാലുദിവസമായി തുടരുന്ന പ്രതിസന്ധിയില്‍ ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍.  ഇരുനൂറ്റമ്പതിലധികം വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.

വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യവ്യാപകമായി ദുരിതത്തിലായത്.  അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും രാജ്യമൊട്ടാകെയുള്ള യാത്രക്കാരില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും സമാനമായ പ്രതിസന്ധി തുടര്‍ന്നത്.  ഡല്‍ഹി (33), ബെംഗളൂരു (73), മുംബൈ (85), ഹൈദരാബാദ് (68) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകള്‍ ഉണ്ടായത്.

വൈകിയ വിമാനങ്ങളില്‍ രണ്ടെണ്ണം അന്താരാഷ്ട്ര സര്‍വീസുകളായിരുന്നു. സിംഗപ്പൂര്‍, കാംബോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ. യാത്രക്കാരെയും ഷെഡ്യൂളുകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഡിഗോ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.

ദിവസേന ഏകദേശം 2,300 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ്, പരാതികളോട് പ്രതികരിച്ചിട്ടുണ്ട്.  പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ കൂടിയത് നെറ്റ്വര്‍ക്കിനെ ഗുരുതരമായി ബാധിച്ചതായി എയര്‍ലൈന്‍ സമ്മതിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

പൈലറ്റുമാരുടെ കുറവ്, ഫ്‌ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കാരണങ്ങളായി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങളും ബുധനാഴ്ച ഇരുന്നൂറോളം വിമാനങ്ങളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു.