kerala

തലാസീമിയ രോഗികള്‍ക്ക് പ്രതിസന്ധി: സര്‍ക്കാര്‍ ആശുപത്രികളില്‍ ലൂക്കോസൈറ്റ് ഫില്‍ട്ടര്‍ സെറ്റ് സ്റ്റോക്ക് തീര്‍ന്നു

By webdesk18

October 13, 2025

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലൂക്കോ സൈറ്റ് ഫില്‍ട്ടര്‍ സെറ്റ് ലഭ്യമല്ലാതായത് തലാസീമിയ രോഗികളെ ഗുരുതര പ്രതിസന്ധിയിലാക്കി. രക്തം നല്‍കുമ്പോള്‍ രോഗികളുടെ ശരീരത്തില്‍ വെളുത്ത രക്താണുക്കള്‍ പ്രവേശിക്കുന്നത് തടയാന്‍ ഉപയോഗിക്കുന്നതാണ് ഈ ഫില്‍ട്ടര്‍ സെറ്റുകള്‍.

സ്റ്റോക്ക് തീര്‍ന്നതോടെ രോഗികള്‍ മാസം തോറും ആവശ്യമായ അളവില്‍ രക്തം സ്വീകരിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി ഹീമോഗ്ലോബിന്‍ നില അപകടകരമായി കുറയുന്നു.

സാധാരണ തലാസീമിയ രോഗികള്‍ക്ക് ശരീരത്തിലെ ഹീമോഗ്ലോബിന്‍ നില നിലനിര്‍ത്താന്‍ മാസത്തില്‍ രണ്ട് മുതല്‍ മൂന്ന് യൂനിറ്റ് വരെ രക്തം ആവശ്യമാകാറുണ്ട്. പക്ഷേ, ഫില്‍ട്ടര്‍ സെറ്റില്ലാതെ രക്തം സ്വീകരിക്കാന്‍ ഭയപ്പെടുന്ന രോഗികള്‍ ഇപ്പോള്‍ മാസത്തില്‍ ഒരു യൂനിറ്റില്‍ മാത്രം പരിമിതപ്പെടുകയാണ്.

ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി പറഞ്ഞു.

ഒരു ഫില്‍ട്ടര്‍ സെറ്റിന് ഏകദേശം 1100 രൂപ ചെലവാകുന്നു. ഗതാഗതം, ലബോറട്ടറി പരിശോധനകള്‍ തുടങ്ങിയ അനുബന്ധ ചെലവുകള്‍ കൂടി ചേര്‍ന്നാല്‍ നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് വലിയ ആര്‍ഥിക ഭാരമായി മാറുന്നു.

ഫില്‍ട്ടര്‍ സെറ്റ് സ്റ്റോക്ക് എത്തിക്കുന്നത് നടപടി സ്വീകരിച്ചതായും രണ്ടാഴ്ചക്കകം എത്തുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.