ലാസ്‌വേഗസ്: യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരായ ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദവുമായി അഭിഭാഷകന്‍. പരാതിയുമായി രംഗത്തുവന്ന യുവതിയുമായുള്ള ക്രിസ്റ്റ്യാനോയുടെ ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും പോര്‍ച്ചുഗീസ് താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ എസ് ക്രിസ്റ്റ്യന്‍സന്‍ അവകാശപ്പെട്ടു.

2009ല്‍ അമേരിക്കയിലെ ലാസ് വേഗസിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് ക്രിസ്റ്റിയാനോയും മോഡലായിരുന്ന കാതറിന്‍ മയോര്‍ഗ എന്ന യുവതിയും തമ്മിലുണ്ടായ ഇടപാടാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് മയോര്‍ഗ നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള കേസ് വീണ്ടും തുറക്കുന്നതായി ലാസ് വേഗസ് പൊലീസ് വ്യക്തമാക്കുകയായിരുന്നു. 2010ല്‍ ക്രിസ്റ്റ്യാനോയും മയോര്‍ഗയും തമ്മില്‍ ധാരണയായതെന്ന് കരുതപ്പെടുന്ന ഒരു കരാറിന്റെ വിശദാംശങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

പരാതി നല്‍കാതിരിക്കാനും ആരോപണം ഇനി ഉന്നയിക്കാതിരിക്കാനുമായി പോര്‍ച്ചുഗീസ് താരം തനിക്ക് രണ്ടു ലക്ഷം ഡോളര്‍ നല്‍കിയെന്ന് മയോര്‍ഗ വെളിപ്പെടുത്തി. കരാറിലെത്തുന്നതിനായി ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും 34കാരി വെളിപ്പെടുത്തി.
എന്നാല്‍, തന്നെ ബലാത്സംഗ കുറ്റത്തില്‍ പ്രതിചേര്‍ത്തു കൊണ്ടുള്ള വാര്‍ത്തകള്‍ ക്രിസ്റ്റ്യാനോ നിഷേധിക്കുകയാണുണ്ടായത്. ‘എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പൂര്‍ണമായി നിഷേധിക്കുന്നു. ഞാന്‍ അങ്ങേയറ്റം വെറുക്കുന്ന കുറ്റകൃത്യമാണ് ബലാത്സംഗം.’ താരം പറഞ്ഞു.

മയോര്‍ഗക്ക് പണം നല്‍കിയെന്ന കാര്യം ക്രിസ്റ്റ്യാനോ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ അത് ബലാത്സം ചെയ്തു എന്നതിന്റെ തെളിവല്ലെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. ‘ഒരു കരാറിലെത്താന്‍ സമ്മതിച്ചു എന്ന കാര്യം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിഷേധിക്കുന്നില്ല. എന്നാല്‍ ഇത് ഒരു തരത്തിലും കുറ്റം ചെയ്തു എന്നുള്ള അംഗീകാരമല്ല. കഠിനമായ അധ്വാനവും ഉന്നതമായ കായികക്ഷമതയും മൂല്യബോധത്തിലൂന്നിയ സ്വഭാവവും കൊണ്ട് ക്രിസ്റ്റിയാനോ പടുത്തുയര്‍ത്തിയ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒഴിവാക്കുന്നതിനായി വിദഗ്ധരുടെ ഉപദേശങ്ങള്‍ പിന്‍പറ്റി കരാറില്‍ ഒപ്പുവെക്കുക മാത്രമാണ് ക്രിസ്റ്റ്യാനോ ചെയ്തത്. ക്രിസ്റ്റിയാനോയുടെ പ്രസ്താവന എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണ്.’ ക്രിസ്റ്റ്യന്‍സന്‍ പറഞ്ഞു.

ബലാത്സംഗ ആരോപണം വീണ്ടുമുയര്‍ന്നത് പ്രൊഫണഷല്‍ ഫുട്‌ബോളര്‍ എന്ന നിലക്കും വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലക്കുമുള്ള ക്രിസ്റ്റ്യാനോയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ മാനേജ്‌മെന്റ് താരത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കി, വീഡിയോ ഗെയിം നിര്‍മാതാക്കളായ ഇ.എ സ്‌പോര്‍ട്‌സ് എന്നിവരും ആരോപണങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ കായിക രംഗത്തും സാമ്പത്തികമായും വന്‍ തിരിച്ചടിയാവും 33കാരന് നേരിടേണ്ടി വരിക.