കാണികളുടേയും പിതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും മനം കവര്‍ന്ന് വീണ്ടും ക്രിസ്റ്റിയാനോയുടെ മൂത്തമകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ രംഗത്ത്. ലോകകപ്പിന് മുന്നോടിയായി അള്‍ജീരിയക്കെതിരായ സന്നാഹമത്സരത്തിന് ശേഷം അച്ഛനൊപ്പം ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് ഒടുവില്‍ കാണികളുടെ മനം ക്രിസ്റ്റിയാനോ ജൂനിയര്‍ കീഴടക്കിയത്.

മികച്ചൊരു ഫ്രീ കിക്ക് ഗോളുള്‍പ്പെടെ നിരവധി ഗോളുകളാണ് റൊണാള്‍ഡോയുടെ അസിസ്റ്റില്‍ റൊണാള്‍ഡോ ജൂനിയര്‍ നേടിയത്. മകന്റെ പ്രകടനം പുഞ്ചിരിയോടെയാണ് ക്രിസ്റ്റ്യാനോ ആഘോഷിച്ചത്. തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ പരിഭ്രമില്ലാതെ വലകുലുക്കി ക്രിസ്റ്റ്യാനോ ജൂനിയറിനായി ഗ്യാലറിയില്‍ ആരവം ഉയര്‍ന്നു. നേരത്തെ സമപ്രായക്കാര്‍ക്കൊപ്പം കളിച്ച ക്രിസ്റ്റിയനോ ജൂനിയര്‍ പിതാവിനെ പോലെ പന്തടക്കവും ഡ്രിബ്ലിങ് മികവും തനിക്കുമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനം പുറത്തെടുത്തിരുന്നു. താരപുത്രമാരില്‍ ഭാവിതാരമായി പരിഗണിക്കുന്നവരില്‍ മുന്‍പന്തിയിലാണ് ജൂനിയര്‍ ക്രിസ്റ്റിയാനോ.

അള്‍ജീരിയക്കെതിരായ മത്സരം പോര്‍ച്ചുഗലില്‍ ജേഴ്‌സിയില്‍ ക്രിസ്റ്റിയാനോയുടെ 150-ാം മത്സരമായിരുന്നു. കളിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചു. റഷ്യന്‍ ലോകകപ്പില്‍ ബി ഗ്രൂപ്പില്‍ മത്സരിക്കുന്ന പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് മുന്‍ചാമ്പ്യന്‍മാരായ സ്്പെയ്‌നെതിരെയാണ്. ഇറാനും മൊറോക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.