News

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനസാഗരങ്ങള്‍

By webdesk18

April 24, 2025

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക ജനസാഗരമാണ് ഒഴുകിയെത്തുന്നത്. പന്ത്രണ്ട് വര്‍ഷം താമസിച്ചിരുന്ന സാന്താ മാര്‍ത്തയില്‍ നിന്ന് വിലാപയാത്രയായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം ഇന്നലെയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിച്ചത്.

സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനില്‍ ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ കോളജിന്റെ തലവനുമായ കോളേജ് ഡീന്‍ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനാകും.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഭൗതികശരീരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്ക പള്ളിയിലെത്തിച്ചു കബറടക്കും. മുന്‍ഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.