Culture

പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം: സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍

By chandrika

March 21, 2018

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍.

സെന്തില്‍കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയാണ് പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തല വെട്ടിമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. മദ്യലഹരിയില്‍ പ്രതിമ തകര്‍ക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ ജവാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നോവെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിമ തകര്‍ത്ത സംഭവം അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, നടന്‍ രജനികാന്ത് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. പ്രതിമ ഇന്നു രാവിലെയോടെ പൂര്‍വ സ്ഥിതിയിലാക്കിയിട്ടുണ്ട്.