കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സ്വാധീനമാണ് അങ്ങേയറ്റം വർഗീയവാദപരമായ പ്രവർത്തനങ്ങൾ നടത്താൻ വെള്ളാപ്പള്ളി നടേശന് ധൈര്യം പകരുന്നതെന്ന് സാംസ്‌കാരിക പ്രവർത്തകർ. കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾക്കും വർഗീയ വിഭജനത്തിനും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്തു നിന്ന് സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും കവി സച്ചിദാനന്ദൻ, കെ.ജി.എസ്, സാറാ ജോസഫ് ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും സർക്കാരും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യ ക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.
നടേശന്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ നാളുകളിൽ ശക്തമായി വരുന്നത് ഏറെ ആശങ്കാജനകമാണെന്നും സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. കെ.അജിത, ഡോ.ഖദീജ മുംതാസ്, ബി.രാജീവൻ, ഡോ. ഇ.വി രാമകൃഷ്ണൻ, എം.എൻ കാരശേരി, ജെ.ദേവിക, ഡോ.മാള വിക ബിന്നി, ശൈലജ ജല, സുധ മേനോൻ, പ്രൊഫ.കുസുമം ജോസഫ്, സി.ആർ നീലകണ്ഠൻ, ഡോ.പി.കെ പോക്കർ, ഡോ.ആസാദ്, കൽപ്പറ്റ നാരായണൻ, എൻ.മാധവൻകുട്ടി, അഡ്വ.ഹരീഷ് വാസുദേവൻ, കെ.എ ഷാജി, ആർ.അജയൻ, മാധവൻ പുറച്ചേരി, വി.എസ് അനിൽകുമാർ, എൻ.സുബ്രഹ്‌മണ്യൻ, എം.സുൽഫത്ത്, നെജു ഇസ്മയിൽ, രമ കെ.എം, ശ്രീജ നെയ്യാറ്റിൻകര, ഡോ.എസ്.ഫൈസി, ഡോ. എ.കെ രാമകൃഷ്ണൻ, ഡോ. പി.എ അസീസ്, മധുരാജ്, രവിശങ്കർ കെ.വി, ഡോ. പ്രസാദ് വി, അനിൽ ഇ.പി എന്നിവരും പ്രസ്താവനയുടെ ഭാഗമായി.