ഭോപ്പാല്‍: ജീരകമെന്ന പേരില്‍ സിമന്റും കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടിയ വ്യാജ ജീരകവിത്തുകള്‍ വിപണിയില്‍ ഇറക്കിയ വന്‍ തട്ടിപ്പ് മധ്യപ്രദേശില്‍ പൊലീസ് പുറത്തെടുത്തു. ശിവ്പുജാരി എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ പേരിലാണ് വ്യാജ ജീരകങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബഹോദാപുരിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്ന് 3.25 ലക്ഷം രൂപ വിലമതിക്കുന്ന 46 ചാക്ക് വ്യാജ ജീരകം പൊലീസ് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യവസായികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിതേഷ് സിങ്കാല്‍ (ചാമ്പക്), മാ ഷീത്ല കോള്‍ഡ് സ്റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ശിവ്പുജാരി ബ്രാന്‍ഡിന്റെ ഉടമ വിമല്‍ കുമാര്‍ പട്ടേല്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രതികള്‍ തന്റെ ബ്രാന്‍ഡ് പേര് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും, ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് അപകടകരവുമായ ജീരകം വിപണിയില്‍ വില്‍പ്പന നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം. പൊലീസ് നടത്തിയ അന്വേഷണത്തില്‍, പെരുംജീരക വിത്തുകളില്‍ സിമന്റും മറ്റ് കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടി, അതിലേക്ക് നിറവും കൃത്രിമ സുഗന്ധവും ചേര്‍ത്താണ് വ്യാജ ജീരകം നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.
കാഴ്ചയില്‍ യഥാര്‍ത്ഥ ജീരകത്തെ പോലെ തോന്നുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരുന്നത്. മാത്രമല്ല, പഴകിയതും ചീത്തയായതുമായ ജീരകങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് പുതിയത് പോലെ ആക്കി വിപണിയില്‍ എത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളുടെ ഉപയോഗം ദഹനവ്യവസ്ഥയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ ബ്രാന്‍ഡഡ് ജീരകത്തിന് കിലോയ്ക്ക് 250 മുതല്‍ 450 രൂപ വരെ വിലയുണ്ടെങ്കിലും, വ്യാജ ജീരകങ്ങള്‍ 150 മുതല്‍ 180 രൂപ വരെ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ജീരകങ്ങള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ മധ്യപ്രദേശില്‍ തന്നെ കളിമണ്ണില്‍ നിര്‍മിച്ച കടുക് വിപണിയില്‍ വില്‍പ്പന നടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.