ന്യൂഡല്‍ഹി: പണമായി ഇടപാടു നടത്താവുന്ന തുകയുടെ പരിധി വീണ്ടും വെട്ടികുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മൂന്നു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയായാണ് വെട്ടികുറക്കുക. ധനബില്ലില്‍ ഇതുസംബന്ധിച്ച ഭേദഗതി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിച്ചു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പണമായി ഇടപ്പാടു നടത്താവുന്ന തുകയുടെ പരിധി മൂന്നു ലക്ഷമായിരുന്നു. രണ്ടു ലക്ഷത്തിലധികം തുക പണമായി നല്‍കുന്നത് കണ്ടെത്തിയാല്‍ അത്രയും തുക തന്നെ പിഴയായി ഈടാക്കാനാണ് നീക്കമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ ട്വിറ്ററില്‍ കുറിച്ചു. പണം കൈപ്പറ്റുന്ന വ്യക്തിയോ സ്ഥാപനമോ ആയിരിക്കും പിഴ അടക്കേണ്ടത്.