ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.