ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഡി. മണിയെ ചോദ്യം ചെയ്തു. ചെന്നൈയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.
ഒരു വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് വിറ്റുവെന്നാണ് വ്യവസായിയുടെ മൊഴി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി. മണി എന്നത് ഇയാളുടെ യഥാർഥ പേര് അല്ലെന്നും ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഇയാളുടെ യഥാർഥ പേരെന്നും എസ്‌ഐടി സ്ഥിരീകരിച്ചു.
കേസിൽ ഇടനിലക്കാരനായ മറ്റൊരു ദിണ്ടിഗൽ സ്വദേശിയെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങൾ എസ്‌ഐടി ആരംഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.