ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊന്ന കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20കാരനായ റോബിനാണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇയാളെ ആസ്പത്രി്‌യില്‍ പ്രവേശിപ്പിച്ചിരുന്നു. ഉയര്‍ന്ന പ്രമേഹം കാരണം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇയാളുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നു നടക്കും. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോമാംസം കൈവശംവെച്ചുവെന്നാരോപിച്ച് 52കാരനായ മുഹമ്മദ് അഖ്‌ലാഖിയെയാണ് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 18 പേരാണ് പ്രതിപട്ടികയിലുള്ളത്.