india

യു.പിയില്‍ കൂലി ചോദിച്ചതിന് ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു

By nazmiya nazreen

November 03, 2025

ഉത്തര്‍പ്രദേശില്‍ കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. അമേഠിയില്‍ നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. കേസില്‍ ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. ഫുര്‍സത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സലിംപൂര്‍ ഗ്രാമത്തില്‍ പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്‍ ഉടമ കൊടുക്കാന്‍ തയ്യാറായില്ല. പണം ചോദിച്ചതില്‍ പ്രകോപിതനായ ഉടമയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹോസില പ്രസാദിനെ കാറില്‍ കയറ്റി വീടിന് മുന്നില്‍ തള്ളിയിടുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഹോസില പ്രസാദ് മരിക്കുന്നത്.

സംഭവത്തെത്തിന് പിന്നാലെ യുവാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ നാല് ദിവസത്തിന് ശേഷം ഒക്ടോബര്‍ 30 ന് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് മണ്ണ് നിറയ്ക്കാന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചെന്നും ഹോസില പ്രസാദിന്റെ ഭാര്യ കീര്‍ത്തി പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടെ പ്രതികളെ മുഴുവന്‍ പിടികൂടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.