ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി.
ശനിയാഴ്ചയാണ് യെല്ലാപുര കാലമ്മ നഗര്‍ സ്വദേശിനിയായ രഞ്ജിത ബനസോഡെ (30) കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പിന്നാലെയെത്തിയ റഫീഖ് ഇമാംസാബ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.
ഇന്നലെയാണ് പ്രതിയായ റഫീഖ് ഇമാംസാബിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ സ്വദേശികളാണ്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര സോളാപൂര്‍ സ്വദേശി സച്ചിന്‍ കട്ടേരയെ 12 വര്‍ഷം മുന്‍പ് വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. പിന്നീട് ദാമ്പത്യബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് രഞ്ജിത യെല്ലാപുരയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതിയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു.
റഫീഖ് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും രഞ്ജിതയും കുടുംബവും അത് നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ നഗരത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച യെല്ലാപുരയില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ശ്രീരാമസേനയടക്കമുള്ള ഹിന്ദു സംഘടനകള്‍ യെല്ലാപുര പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.