മുംബൈ: ബോക്‌സ്ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ് ആമിര്‍ ഖാന്റെ ദംഗല്‍. ഇതിനകം തന്നെ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ദംഗലിന്റെ യാത്ര ബോളിവുഡിലെ എക്കാലത്തെയും റെക്കോര്‍ഡായ സുല്‍ത്താന്റ കളക്ഷന്‍ ഭേദിക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദംഗല്‍ 284 കോടയിലധികം നേടിയെന്നാണ്. 300 കോടിയിലധികമാണ് സുല്‍ത്താന്‍ നേടിയത്. വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന നേട്ടവും ദംഗല്‍ സ്വന്തമാക്കിയിരുന്നു.

രണ്ടാം വാരമായ വെള്ളിയാഴ്ച 18.59 കോടി, ശനി:23.07 കോടി, ഞായര്‍: 32.04 കോടി, തിങ്കളാഴ്ച: 13.45കോടി എന്നിങ്ങനെയാണ് കളക്റ്റ് ചെയ്തത്. ഇങ്ങനെ പോവുകയാണെങ്കില്‍ സുല്‍ത്താനെ മറികടക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ബോക്‌സ്ഓഫീസ് വിശാരദന്മാര്‍ വിലയിരുത്തുന്നത്.  വേള്‍ഡ് വൈഡ് കളക്ഷനില്‍ ദംഗല്‍ 400 കോടി നേടിയതായും റിപ്പോര്‍ട്ടുണ്ട്.  ഗുസ്തി പ്രമേയമായ ചിത്രം മനീഷ് തിവാരിയാണ് സംവിധാനം ചെയ്തത്. ഡിസംബര്‍ 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ക്രിസ്മസ് റിലീസായി കേരളത്തിലെത്തിയ ദംഗലിനും മികച്ച ്പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ സിനിമ സമരം മൂലം മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്യാത്തതും ദംഗലിന് നേട്ടമായി. പി.കെയാണ് ആമിര്‍ഖാന്റെ അവസാന സിനിമ. ചിത്രവും മികച്ച കളക്ഷന്‍ നേടിയിരുന്നു.