Cricket

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍

By webdesk13

January 01, 2024

ഓസ്‌ട്രേലിയന്‍ മിന്നും താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിന മല്‍സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്ഥാന്‍ പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നും വാര്‍ണര്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. 161 ഏകദിനങ്ങളില്‍ നിന്നായി 22 സെഞ്ചറികളും 33 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 2009 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ ഓസ്‌ട്രേലിയന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമനായാണ് കളിയവസാനിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പില്‍ 11 കളികളില്‍ നിന്നായി 535 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്ററായ വാര്‍ണര്‍ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചറികളും ഒരര്‍ധ സെഞ്ചറിയും ഇതില്‍പ്പെടും. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ണര്‍ പറഞ്ഞു. വാര്‍ണര്‍ക്കൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തരാണ് ഭാര്യ കാന്‍ഡിസും പെണ്‍മക്കളായ ഐവിയും ഇസ്‌ലയും ഇന്‍ഡിയും.